
എഴുത്ത്:-അബ്രാമിന്റെ പെണ്ണ്
എന്റെ കല്യാണം നടന്നിട്ട് അഞ്ചാറു മാസങ്ങൾ കഴിഞ്ഞാണ് വകയിലൊരു മാമന്റെ മോളുടെ കല്യാണം നടക്കുന്നത്.. അവളും ഞാനും തമ്മിൽ പ്രായത്തിൽ ലേശം വ്യത്യാസമുണ്ട്.. പക്ഷേ ഞങ്ങൾക്കിടയിൽ ആമാശയവും വായും തമ്മിലുള്ളപോലൊരു അടുപ്പവും സ്നേഹവുമാ … അവൾക്കെന്ത് കിട്ടിയാലും എനിക്കും എനിക്കെന്തെങ്കിലും കിട്ടിയാൽ വല്ലപ്പോഴും ഞാനിച്ചിരി അവൾക്കും കൊടുക്കാറുണ്ട്… കല്യാണം കഴിഞ്ഞ് എന്നെ ഇങ്ങോട്ടെടുക്കുമ്പോ ഇനിമുതൽ അവളുമായി വായ്ക്ക് രുചിയായി നൊണ പറയാൻ പറ്റത്തില്ലല്ലോ എന്നൊള്ളതാരുന്നു ഏറ്റോം വല്യ സങ്കടം…അങ്ങനെ ഇരുന്നിരുന്ന് അവള്ടെ കല്യാണമുറച്ചു…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelആ കല്യാണമുറച്ചതിനു പിന്നിലും എന്റെ നല്ല മനസുണ്ട് കേട്ടോ.. എന്റെയും എന്റങ്ങേരുടേം കല്യാണം ഉറച്ചതറിയാതെ വേറൊരു ബ്രോക്കർ ഒരു ചെർക്കനുമായി ഞങ്ങളുടെ വീട്ടിലെത്തി..വീട്ടിലെത്തിയപ്പോഴാണ് എന്റെ കല്യാണം ഉടനെയുണ്ടെന്ന് അങ്ങേരറിയുന്നത്… അങ്ങേരുടെയൊരു സങ്കടം…എനിക്കത് കണ്ട് വല്യ വെഷമമായി..എനിക്കെന്തിനാ രണ്ടെണ്ണം.. മറ്റേത് കേടാവുമ്പോ ഇതെടുക്കാമെന്ന് വിചാരിച്ച് അലമാരയിൽ പൊതിഞ്ഞു വെക്കാൻ കൊള്ളുന്ന സാധനം വല്ലോമാരുന്നെങ്കിൽ എടുക്കാരുന്നു.. ഇത് അങ്ങനെ പറ്റത്തില്ലല്ലോ.. ഞാൻ അമ്മയോട് മാമന്റെ മോൾടെ കാര്യം ഓർമ്മിപ്പിച്ചു.. അമ്മ അവരെ അങ്ങോട്ട് വിട്ടു.. ആ കല്യാണം ഉറച്ചു.. ഓരോ അരിമണിയിലും അത് കഴിക്കേണ്ടവന്റെ പേരെഴുതി വെച്ചേക്കുന്നെന്നല്ലേ പണ്ടാരാണ്ടോ പറയുന്നത്… അത് നേരാ..
അങ്ങനെ കല്യാണദിവസമടുത്തു..കെട്ടിയോനും ഞാനും കൂടെ കല്യാണത്തിന്റെ തലേന്നേ പോകാൻ തീരുമാനിച്ചു.. ഞാനന്ന് എന്റെ മോളെ പ്രെഗ്നന്റ്… അല്ലേൽ വേണ്ട ഗർഭിണിയാണ്…
ഞാൻ പോകാൻ വേണ്ടി ഒരുങ്ങിയപ്പോ ലങ്ങേര് “ഇപ്പ വരാം “ന്ന് പറഞ്ഞിട്ട് കടയിലേയ്ക്ക് പോയി.. നേരം കുറെ കഴിഞ്ഞിട്ടും കാണുന്നില്ല.. എനിക്കാണെങ്കിൽ കല്യാണ വീട്ടിൽ ചെന്ന് കുത്തിമറിയാൻ മുട്ടീട്ട് വയ്യ.. ഞാൻ ലങ്ങേരെ ഫോൺ വിളിച്ചു.. കൊറേ കഴിഞ്ഞപ്പോ പുള്ളി വീട്ടിലേയ്ക്ക് വന്നു…ഞാനങ്ങേരുടെ അടുത്തോട്ടു ചെന്നതും..
“നല്ല മണം….!!!
“നിങ്ങള് വെള്ളമടിച്ചോ ചെർക്കാ.. ഈ കോലത്തിൽ ഞാനെങ്ങനെ വീട്ടിൽ പോകും… നിങ്ങളെന്തിനാ എന്നോടീ ചതി ചെയ്തേ..
ഞാൻ കരഞ്ഞോണ്ട് ചോദിച്ചു..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channel“അതിനും വേണ്ടിയൊന്നുമില്ല.. ലേശം.. നീയിങ്ങനെ മോങ്ങണ്ട കാര്യോന്നൂല്ല..
ലേശം പോലും…!!!
അതിന്റെ പേരിൽ ചെറുതായ് തുടങ്ങിയ വഴക്ക് വല്യ വഴക്കായി.. ഒടുക്കം ഇങ്ങേര് എന്റൊപ്പം വരുന്നില്ലെന്നൊരു പ്രസ്താവന നടത്തി… എന്നിട്ടു കേറിക്കിടന്നങ്ങുറങ്ങുവാടെ… ഞാനും പോകേണ്ടെന്നാ വിചാരം…
ഞാനിത്തിരി നേരം അതിയാനെ നോക്കി നിന്നു…അന്നേരത്തെ കലിക്ക് വയറ്റിൽ കിടക്കുന്ന കൊച്ചിനേം കൊണ്ട് ഞാൻ തനിച്ച് എന്റെ വീട്ടിൽ പോയി… വീടിനടുത്താണ് കല്യാണവീട്..
വീട്ടിലിറങ്ങിയിട്ട് ഞാൻ കല്യാണവീട്ടിൽ ചെന്നു… ഏട്ടൻ നാളെ വരുമെന്ന് എല്ലാരോടും പറഞ്ഞു… വരുന്നവരും പോന്നവരുമൊക്കെ എന്റെ ഇച്ചിരിയുള്ള വയറ്റിൽ തൊട്ടു.. തടവി.. തലോടി…
“വാ മോളേ.. വന്നിത്തിരി കാപ്പി കഴിക്ക്…
മാമിയാണ്.. മാമി എന്നെ പിടിച്ചു കസേരയിലിരുത്തുമ്പോളാണ് പുറകിൽ നിന്നുമൊരു വിളി..
“ടീ… കറുത്തമ്മാ ..
ഞാൻ തിരിഞ്ഞു നോക്കി..എന്റെ ചങ്കാണ്… കുഞ്ഞിലേയുള്ള കൂട്ടാരൻ…ഞാനും അവനും എന്തോരം അമ്മേം കുഞ്ഞും കളിച്ചിട്ടുണ്ട്… അവന്റെ പല്ല് കുഞ്ഞു കളിക്കുന്നതിനു തടസമായപ്പോ ഞങ്ങള് പിന്നെ അച്ഛനുമമ്മയും കളിക്കാൻ ആരംഭിച്ചു…
എത്രയോ നാളുകൾക്കു ശേഷം കണ്ടപ്പോഴുള്ള അവന്റെയൊരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാരുന്നു . എനിക്കും അതേ ഫീലാരുന്നു… അവനെന്റൊപ്പം കാപ്പി കഴിക്കാനിരുന്നു… അപ്പോളാ എന്റമ്മയുടെ എളേ ആങ്ങള വട്ടം നോക്കി കോഴിക്കറിയുടെ പാത്രോം താങ്ങി വന്നത്..ഞങ്ങളെക്കണ്ട മാമൻ അവിടെ നിന്ന് ഞങ്ങളെ രണ്ടാളെയും സൂക്ഷിച്ചു നോക്കി…
പണ്ടൊക്കെ എന്റെ പല പ്രണയങ്ങളും അമ്മയോട് പറഞ്ഞു നശിപ്പിച്ചു കളഞ്ഞത് ഈ മാമനാണ്..മാമന് എന്നോടെന്തോ കടുത്ത വൈരാഗ്യമാരുന്നു..ഞാനെങ്ങോട്ട് തിരിഞ്ഞാലും മാമൻ അവിടെല്ലാം കാണും… കാലങ്ങൾക്കപ്പുറം ഞാൻ ജനിക്കുമ്പോൾ എനിക്കെതിരെ ഉപയോഗിക്കാൻ വേണ്ടി മാത്രമാണോ അമ്മാമ്മച്ചി ഇങ്ങേരെ പ്രസവിച്ചതെന്ന് പലപ്പോഴും എനിക്ക് തോന്നീട്ടുണ്ട്..
മാമൻ ഞങ്ങൾക്ക് പൊറോട്ട വിളമ്പിയിട്ട് കോഴിക്കറിയുടെ പാത്രം കയ്യിലെടുത്തു.. തവിയിട്ടങ്ങ് ഇളക്കുവാ.. കൊച്ചു കഷ്ണം തപ്പുവാരിക്കും..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channel“മാമനെന്തുവാ ചത്തകോഴിയെ ഇടിച്ചു കൊല്ലുവാന്നോ…. കൊല്ലം ഇത്രേമായിട്ടും നിങ്ങക്കൊരു മാറ്റോമില്ലല്ലോ….
ഞാൻ ചിരിയോടെ പറഞ്ഞു..
“ഒന്നു പോയേടീ…
വലിയ രണ്ട് കഷ്ണം എന്റെ ഇലയിൽ വിളമ്പിയിട്ട് മാമൻ പോയി.. പോകുന്ന വഴിക്ക് എന്നേം അവനേം ഒന്നൂടെ ഇരുത്തി നോക്കാനും മറന്നില്ല..
“എന്തോ ഒണ്ട് പെണ്ണേ വിശേഷം.. നീ തന്നെ വന്നതെന്താ… അണ്ണൻ വന്നില്ലിയോ…
അവൻ എന്റെ മുഖത്തേയ്ക്ക് നോക്കി…
“ഓ.. ഒന്നും പറയണ്ടെടർക്കാ.. അങ്ങേരിന്ന് വരാനൊരുങ്ങിയതാ…ഞങ്ങടെ വീടിന്റെ അടുത്തൊരു ചാ രായക്കച്ചോടക്കാരനുണ്ട്.. അവന്റേൽ നിന്നെങ്ങാണ്ട് അങ്ങേര് ഇച്ചിരി കഴിച്ചിട്ട് വന്നു.. ഇവിടെ വരുമ്പോ കഴിച്ചിട്ടുണ്ടെന്ന് ആർക്കെങ്കിലും മനസിലായാൽ മോശമല്ലിയോ..
കോഴിയുടെ പറങ്കാണ്ടി ( കോഴിയെറച്ചിയിൽ കിടക്കുന്ന കരള് പോലൊരു സാനം ) കടിച്ചു പറിച്ചോണ്ട് ഞാൻ കരയുന്നത് കണ്ടപ്പ അവനും സങ്കടമായി…
“അല്ല.. നിന്നെ കണ്ടിട്ട് അടിയും ഇടിയുമൊന്നും കിട്ടുന്ന ലക്ഷണമില്ലല്ലോ… അതോ ഒണ്ടോ..
എനിക്ക് അടിയും ഇടിയും കിട്ടാത്തതാ അവന്റെ വെഷമം..
“അടിയും ഇടിയുമൊക്കെ പിന്നേം സഹിക്കാം…ഇങ്ങേർക്കൊരു കൊഴപ്പമൊണ്ട്.. ഇത്തിരി കഴിച്ചു കഴിഞ്ഞാൽ പറഞ്ഞത് തന്നെ പിന്നേം പിന്നേം പറഞ്ഞോണ്ടിരിക്കും… കഴിഞ്ഞയിടെ ഒരൂസം അങ്ങേര് ചൂരയും നെത്തോലിയും വാങ്ങിക്കൊണ്ട് വന്നു.. അന്നിത്തിരി കഴിച്ചിട്ടുണ്ടാരുന്നു.. അങ്ങേര് കെടന്നൊറങ്ങി..രാത്രി പത്തുമണി കഴിഞ്ഞപ്പോ എന്നോട് ചോദിച്ചു മീൻ എന്തോ ചെയ്‌തെന്ന്..
ചൂര കറിയും വെച്ച് നെത്തോലി വറുത്തും വെച്ചെന്ന് ഞാൻ പറഞ്ഞു.. ഞാനൊന്നൊറങ്ങുമ്പോ ഇങ്ങേര് വീണ്ടും എന്നെ വിളിച്ചുണർത്തി ചോദിക്കുവാ മീൻ എന്തോ ചെയ്‌തെന്ന്.. അങ്ങനെ എത്ര തവണ എന്നെ വിളിച്ചുണർത്തിയെന്നറിയാവോ…ആ രാത്രി മൊത്തം ഞാൻ ചൂര കറി വച്ച് നെത്തോലി വറുത്തെന്ന് പറഞ്ഞോണ്ടിരിക്കുവാരുന്നെടാ …അങ്ങേര് അതിലൊരു കഷ്ണം കഴിച്ചാരുന്നേൽ എനിക്ക് സങ്കടമില്ലാരുന്നു,…എനിക്കിതു സഹിക്കാൻ വയ്യ..
ഞാൻ കരഞ്ഞു..
“ഇനിയെന്തോ ചെയ്യും..
അവനെന്റെ മുഖത്തേയ്ക്ക് നോക്കി…
“ഞാൻ അങ്ങേര്ടെ നമ്പർ തരാം..എക്സൈസിൽ നിന്നാണെന്ന് പറഞ്ഞു നീയൊന്ന് വിളിച്ചു പേടിപ്പിക്ക്… ആ കച്ചോടക്കാരനെ പോലീസ് നോക്കി വെച്ചിട്ടുണ്ടെന്ന് പറ..അവിടെ പോയി കുടിച്ചാൽ പൊക്കിയെടുത്ത് അകത്തിടുമെന്ന് പറഞ്ഞൊന്നു വിരട്ട്..
ഞാൻ പറഞ്ഞ കേട്ട് അവനെന്നെ നോക്കി വായും തൊറന്നിരിക്കുവാ..
“ഇത് വല്ലോം നടക്കുവോടീ..
അയാക്ക് സംശയം..
“അതൊക്കെ നടക്കും.. നീ വിളിച്ചാൽ മതി.. നിന്റെ സൗണ്ടിന് നല്ല കനമുണ്ട്…
ഞാനവന് ധൈര്യം കൊടുത്തു.. അവനെഴുന്നേറ്റ് കൈകഴുകി വന്ന് എന്റെ കെട്ടിയോന്റെ നമ്പർ വാങ്ങി.. കുറേനേരം കൂടെ അവിടിരുന്നിട്ട് ഓഡിറ്റോറിയത്തിലേയ്ക്ക് പോയി… ഇച്ചിരി കഴിഞ്ഞപ്പോ ദാണ്ടെടെ എന്റേട്ടൻ വന്നു… എനിക്ക് സന്തോഷമായി…അങ്ങേര് സംസാരിക്കുമ്പോ ഏലയ്ക്കായുടെ മണം…കാപ്പിയൊക്കെ കഴിച്ച് ഏട്ടൻ ഫോൺ എന്റെ കയ്യിൽ തന്നിട്ട് കൈകഴുകാൻ പോയി… അപ്പോളാണ് ഫോണിൽ ഒരു കാൾ വന്നത്.. പരിചയമില്ലാത്ത ഒരു നമ്പർ… ഫോണെടുക്കാൻ അങ്ങേര് ആംഗ്യം കാണിച്ചു..
ഞാൻ ഫോണങ്ങോട്ട് എടുത്തതും…
“ടാ.. ഞാൻ എക്സൈസിൽ നിന്നാണ്…അവിടെ ചാ രായക്കച്ചോടം നടത്തുന്നവനെ ഞങ്ങൾ നോക്കിവെച്ചേക്കുകയാ.. ഇനി നീ അവിടെ പോയെന്ന് ഞങ്ങളറിഞ്ഞാൽ നിന്നെ തൂക്കിയെടുത്ത് അകത്തിടും.. പറഞ്ഞില്ലെന്നു വേണ്ട.. മനസിലായോടാ..
അയ്യോടാ.. ലോണ്ടേ ലവൻ…
“ടാ.. ഇത് ഞാനാ..അങ്ങേര് ഇപ്പൊ വന്നിട്ടുണ്ട്..കൈകഴുകിക്കൊണ്ട് നിക്കുവാ..നീ നാളെ വിളിച്ചാൽ മതി…
ഞാൻ പതുക്കെ പറഞ്ഞു…
“ഓക്കേടീ., നാളെ വിളിക്കാം..
അവൻ ഫോൺ വെച്ചു.. ആരാണ് വിളിച്ചതെന്നുള്ള അങ്ങേര്ടെ ചോദ്യത്തിന് കസ്റ്റമർ കെയറുകാരെന്ന് ഞാൻ മറുപടിയും പറഞ്ഞു.. അങ്ങേരത് വിശ്വസിച്ചു….ഞാനാ നമ്പറും ഡിലീറ്റ് ചെയ്തു..
പിറ്റേന്ന് കല്യാണം പൊടിപൊടിച്ചു… എന്റങ്ങേര് പന്തിയിൽ വിളമ്പിക്കൊണ്ട് നിക്കുമ്പോൾ ഫോൺ എന്റേൽ തന്നു…ആ ബഹളത്തിനിടെ നിക്കുമ്പോൾ ദോണ്ടേ ഫോണടിക്കുന്നു.. ഞാനെത്തി നോക്കുമ്പോ അങ്ങേരെ കാണുന്നില്ല.. ജോലിക്ക് ആരെങ്കിലും വിളിക്കുവായിരിക്കും.. ഞാൻ ഫോണെടുത്ത്..
“ടാ..നീ വല്യ കുടിയനാണല്ലെടാ..നിന്റെ കുടി നിർത്താൻ സമയമായി.. നിന്നേം നിനക്ക് സാധനം തരുന്നവനേം പൊക്കി ഞങ്ങൾ അകത്തിടും.. ഇടിച്ചു നിന്റെ കൂമ്പ് ഞാൻ വാട്ടും.. മനസിലായോടാ..
ദോണ്ടേ.. പിന്നേം ലവൻ.. ഇവനെന്തൊക്കെയാ ഈ പറയുന്നേ.. എക്സൈസുകാര് ഇങ്ങനൊക്കെ പറയുവോ..
“എടാ..ഇത് പിന്നേം ഞാനാ.. അങ്ങേര് ചോറ് വിളമ്പുവാ.. നീ പിന്നെ വിളിച്ചാൽ മതി…
എന്റെ ശബ്ദം കേട്ടതും അവൻ ഞെട്ടി…
“ശരിയെടീ.. പിന്നെ വിളിക്കാം..
കല്യാണം കഴിഞ്ഞു പിറ്റേന്ന് ഞങ്ങളിങ്ങു പോന്നു.. കൊറേ നേരം ഫോണിൽ തോണ്ടിയിരുന്നിട്ട് അങ്ങേര് വയലിലോട്ട് പോയി.. അവിടെ നിന്നൊരു ഏത്തക്കൊല വെട്ടണം.. അപ്പ ദാണ്ടേ ഫോണടിക്കുന്നു… ഞാൻ ഫോണെടുത്തു ഹലോ പറയുന്നതിന് മുന്നേ അപ്പുറത്തിരിക്കുന്നവൻ പറഞ്ഞു തുടങ്ങി…
“ടാ.. ഞാൻ എക്സൈസിൽ നിന്ന് വിളിക്കുവാ.. നീ മ ദ്യപിയ്ക്കാൻ പോകുന്ന സ്ഥലം ഞങ്ങളുടെ നിരീക്ഷണത്തിലാണ്… പോലീസിന്റെ കയ്യുടെ ചൂടറിയേണ്ടെങ്കിൽ നീ അങ്ങോട്ടുള്ള പോക്ക് നിർത്തിക്കോ.. ആ കാശ് കുടുംബത്തിൽ കൊണ്ടുക്കൊടുക്ക്..
ഞാൻ മിണ്ടിയില്ല.. അവനങ്ങു പറഞ്ഞ് നിർത്തട്ടെ…
“ടാ ഇത് ഞാനാ.. അങ്ങേര് വയലിൽ കൊല വെട്ടാൻ പോയേക്കുവാ..ഇവിടില്ല…നീ പിന്നെ വിളിക്ക്..
എന്റെ സൗണ്ട് കേട്ടതും മറുവശത്ത് ഒരു നിമിഷം മൗനം…
“നീയെന്തോ സാധിയ്ക്കാനാടി അങ്ങേര്ടെ ഫോണെടുത്തു വെച്ചോണ്ടിരിക്കുന്നെ.. ഞാൻ വിളിക്കുമെന്ന് നിനക്കറിഞ്ഞൂടെ മലരേ.. എപ്പോ വിളിച്ചാലും ഫോൺ അവക്കടെ കയ്യിലാ..അങ്ങേരെ വീച്ച്. അങ്ങേരെ വീച്ചെന്ന് പറയും.. നമ്മള് വിളിക്കുമ്പോ അവള് തന്നെ പിന്നേം ഫോണെടുക്കുവാ…മനുഷ്യനേ പ്രാന്ത് പിടിപ്പിക്കുന്നതിനു ഒരു പരിധിയില്ലേ… നീയിങ്ങനെ പൊറകെ ചെല്ലുന്നോണ്ടാ അങ്ങേര് കുടിക്കുന്നെ.. അയാക്കിത്തിരി സ്വസ്ഥത കൊട് മലരേ സ്വസ്ഥത കൊട്… നിന്നെപ്പോലുള്ളവളുമാരാ ഓരോ പാവങ്ങളെ കുടിയന്മാരാക്കുന്നത്..മേലിൽ ഒരു കാര്യോം പറഞ്ഞോണ്ട് എന്നെ വിളിച്ചേക്കല്ല്…
ഞാനെന്തെങ്കിലും മറുപടി പറയുന്നതിന് മുന്നേ അവൻ ഫോൺ വെച്ചു… വായിൽ കോലിട്ട് കുത്തിയാൽ പോലും ഒരക്ഷരം മറുത്ത് പറയാത്തവൻ ഇത്രേമൊക്കെ പറഞ്ഞപ്പോ എന്റെ ചെവിയിൽ കൂടെ ചൂട് കാറ്റ് പുറത്തേക്ക് പോയി.. ഞാനാ നമ്പർ ബ്ലോക്ക് ലിസ്റ്റിലിട്ട്..
അന്നത്തോടെ ഞാനൊരു കാര്യം തീരുമാനിച്ചു.. എന്ത് പ്രശ്നം വന്നാലും ഞാനത് ഒറ്റയ്ക്ക് പരിഹരിക്കും..ഇനി മേലിൽ ഇവനെപ്പോലെയുള്ളവരെ പരിഹാര സമിതിയിൽ ഞാൻ കുത്തിത്തിരുകില്ല… എക്സൈസ്കാരനാണ് പോലും….കണ്ടേച്ചാലും പറയും….
പിന്നെയിതേവരെ അവനെ ഞാൻ വിളിച്ചിട്ടില്ല… കഴിഞ്ഞ ഉത്സവത്തിന്റെയന്ന് കെട്ടുകാഴ്ച്ച വരുന്നതും നോക്കി കുമിള വിട്ടോണ്ട് നിക്കുമ്പോ ദാണ്ടേ അവനെന്നെ കണ്ട് ചിരിച്ചോണ്ടും വരുന്ന്..
“സിപ്പപ്പ് വേണോടീ..
അവൻ പോക്കറ്റിൽ നിന്ന് പൈസയെടുത്തോണ്ട് ചോദിച്ചു..
“എന്റെ പട്ടി തിന്നും അവന്റെ സിപ്പപ്പ്” എന്ന് മനസിലോർത്തെങ്കിലും ഞാനങ്ങനെ പറഞ്ഞാൽ അവന് വെഷമമായാലോന്ന് വിചാരിച്ച് ഞാൻ പറയാൻ പോയില്ല.. അവൻ വാങ്ങിത്തന്ന സിപ്പപ്പും കുടിച്ച് ഞാനിങ്ങു പോന്നു..
മനുഷ്യരുടെ ജീവന്റെ കാര്യത്തിൽ യാതൊരു ഉറപ്പുമില്ലാത്ത ഈ കാലത്ത് അല്ലെങ്കിൽ തന്നെ വാശി എന്തിനാ.. ല്ലേ…??