
എഴുത്ത്:- അബ്രാമിന്റെ പെണ്ണ്
ഒരു കഥ പറയട്ടെ..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelകഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
അയൽവാസികളും കൂട്ടുകാരികളുമായ രണ്ട് പെണ്ണുങ്ങൾ… ഒരുത്തി അടക്കത്തിനും ഒതുക്കത്തിനും നാഷണൽ അവാർഡ് വിന്നറാണെങ്കിൽ മറ്റവൾ ലോകത്തിലേയ്ക്കും ഏറ്റവും വലിയ ബഹളക്കാരിയാണ്… ചെയ്യരുത് എന്ന് പറയുന്ന കാര്യം തിരഞ്ഞു പിടിച്ചു ചെയ്യുന്നൊരു സൈക്കോ..വീട്ടുകാരുടെ മുന്നിൽ തലതെറിച്ചവൾ എന്ന ലേബൽ ജനിച്ചപ്പോഴേ പതിച്ചു കിട്ടിയവൾ.. ലവളുമാര് രണ്ടും ഏറെക്കുറെ ഒരേസമയത്ത് ജനിച്ചതാണ് കേട്ടോ.
കുലസ്ത്രീ പരിവേഷം കിട്ടിയവൾ ആര് കണ്ടാലും ഒന്ന് നോക്കിപ്പോകുന്നത്ര സുന്ദരി.. മറ്റവൾ കാഴ്ചയിൽ യാതൊരു മതിപ്പും തോന്നാത്തൊരുത്തി.. ( അവളെക്കുറിച്ച് അവളുടെ അഭിപ്രായം അങ്ങനെയാണ്.. അതിൽ എനിക്ക് പങ്കില്ല )…
അവര് വളർന്നതിനൊപ്പം ആ സൗഹൃദവും വളർന്നു… അങ്ങോട്ടുമിങ്ങോട്ടും അത്രയേറെ മനസിലാക്കിയ രണ്ട് പേര് വേറെയുണ്ടാവുമോ എന്നെനിക്കറിയില്ല… ചാട്ടക്കാരിയായ പെണ്ണിന് മറ്റവൾ ആരോടെങ്കിലും കൂടുതൽ അടുപ്പം കാണിക്കുന്നത് കാണുമ്പോൾ നെഞ്ച് പൊട്ടുന്ന പോലൊരു വേദനയാണ്.. അവളോടുള്ള സ്നേഹം വേറൊരാൾക്ക് പകുത്ത് നൽകുമോ എന്നൊരു പേടിയും.. അതുകൊണ്ട് തന്നെ സുന്ദരിക്കുട്ടിയെ എന്ത് വില കൊടുത്തും തന്നോട് ചേർത്ത് നിർത്താൻ അവളെപ്പോഴും ശ്രമിക്കാറുണ്ട്.. സുന്ദരിക്കുട്ടിയ്ക്ക് അത് അറിയാവുന്നത് കൊണ്ട് മറ്റവളെ അവൾ മാക്സിമം പിഴിഞ്ഞെടുക്കാറുമുണ്ട്…
കാലങ്ങൾക്കിപ്പുറം സുന്ദരി ഒരാളെ പ്രണയിച്ചു.. കൂട്ടുകാരിയുടെ അകമഴിഞ്ഞ സഹായത്തോടെ അവളാ പ്രണയം സ്വന്തമാക്കുക തന്നെ ചെയ്തു… പക്ഷേ വിധി മറ്റൊന്നായിരുന്നു.. സന്തോഷകരമായ ആ ജീവിതം അവസാനിപ്പിച്ചപ്പോൾ അവളും അവളുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും വീട്ടുകാരുടെ മുന്നിൽ വലിയൊരു ബാധ്യതയായി..അവളെയും കുഞ്ഞുങ്ങളെയും കാണുന്നത് പോലും അവളുടെ വീട്ടുകാർക്ക് ബുദ്ധിമുട്ടായി..
ഏതോ സുഹൃത്ത് ഒരു ടെക്സ്റ്റൈൽസിൽ അവൾക്കൊരു ജോലി ശരിയാക്കിക്കൊടുത്തു..
മികച്ച വിദ്യാഭ്യാസം ഉണ്ടായിട്ടും നല്ലൊരു ജോലി കിട്ടാത്ത അവളുടെ ജീവിതം ഓർത്ത് കൂട്ടുകാരി ഭയങ്കരമായി സങ്കടപ്പെടുന്നു..
അതുകൊണ്ട് തന്നെ അവളുടെ ഭർത്താവിന്റെ മരണശേഷം കൂട്ടുകാരി അവൾക്ക് കിട്ടുന്നതെന്തും മറ്റവൾക്കും അവളുടെ കുഞ്ഞുങ്ങൾക്കും കൂടി പങ്കു വെയ്ക്കാൻ മറന്നില്ല…
അവളുടെയും കുഞ്ഞുങ്ങളുടെയും മുഖം കൂട്ടുകാരിയുടെ രാത്രികളെ ഉറക്കമില്ലായ്മയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelവീട്ടുകാരും ബന്ധുക്കളും ബഹളക്കാരിയെന്നു പറഞ്ഞവളുടെ ജീവിതം വേറൊരു വഴിയ്ക്കായിരുന്നു..
വീട്ടുകാർ അടിച്ചൊതുക്കാൻ ശ്രമിച്ച അവളുടെ സംസാരവും ചിരിയുമൊക്കെ ഇഷ്ടപ്പെടാൻ ഒരുപാട് പേരുണ്ടായി…
അങ്ങനെയിരിക്കെ അത്യാവശ്യം പാട്ട് പാടുന്ന അവളെ വിദേശികളുൾപ്പെടെയുള്ള പാട്ടുകാരുള്ളൊരു ഗ്രൂപ്പിൽ ഒരു സുഹൃത്ത് കൊണ്ടുചേർത്തു..
നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ച് ഇപ്പോളും കാണുന്ന മലയാളികളെ മാത്രം കണ്ടു ശീലിച്ച അവൾക്ക് അത് പുതിയൊരു ലോകമായിരുന്നു.. അനുഭവമായിരുന്നു… അവളെ കാണാനും കേൾക്കാനും മിണ്ടാനും അവിടെ ആളുണ്ടായപ്പോ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം തിരിച്ചു കിട്ടുന്നത് അവളറിഞ്ഞു…
ആ ഗ്രൂപ്പിൽ നന്നായി പാടുന്നൊരു ആളുമായ് സൗഹൃദം സ്ഥാപിയ്ക്കാൻ അവൾക്ക് പെട്ടെന്ന് കഴിഞ്ഞു…
പഴയ കൂട്ടുകാരിയെ വേറൊരു രൂപത്തിൽ അവൾക്ക് തിരിച്ചു കിട്ടുകയായിരുന്നു..
ഭർത്താവ് മരിച്ചു പോയ സുന്ദരിയ്ക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് വന്ന സമയം..
ഇന്ത്യൻ കറൻസി കൃത്യം 75000 രൂപ പലപ്പോഴായി കൂട്ടുകാരി നൽകുന്നു..
തിരിച്ചു കിട്ടുമെന്നൊ അത് വേണമെന്നോ യാതൊരു പ്രതീക്ഷയും വെയ്ക്കാതെയാണ് അവൾ സുന്ദരിയ്ക്ക് പണം നൽകിയത്..
ആ പണം കൈപ്പറ്റുന്ന ദിവസങ്ങളിലെല്ലാം മണിക്കൂറുകളോളം കൂട്ടുകാരിയോട് വർത്താനം പറയാൻ സുന്ദരി മറന്നില്ല…
ഇടയ്ക്ക് പാട്ടുകാരനായ സുഹൃത്തിനോട് തന്റെ കൂട്ടുകാരിയെക്കുറിച്ച് ബഹളക്കാരിയായ പെണ്ണ് പറയുമായിരുന്നു..
ഭാഷയുടെ അതിർവരമ്പുകൾ താണ്ടി അവളോടൊരു സഹതാപം അയാളുടെ മനസ്സിൽ നിറച്ചു വെയ്ക്കാൻ അവൾക്ക് കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യമായിരുന്നു..
പാട്ടുകാരനായ സുഹൃത്ത് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയപ്പോൾ ഒരു ജോലി തന്റെ കൂട്ടുകാരിയ്ക്കു വേണ്ടി വെച്ചു നീട്ടി..
അത് സ്വീകരിക്കാൻ തല്ക്കാലം നിവൃത്തിയില്ലാത്ത ആ പെണ്ണ് സുന്ദരിയ്ക്ക് പ്രസ്തുത ജോലി നൽകാൻ സുഹൃത്തിനോട് ആവശ്യപ്പെടുന്നു..
ആൺ സുഹൃത്ത് ആദ്യമൊക്കെ നിരസിച്ചെങ്കിലും ഒടുവിൽ തന്റെ കൂട്ടുകാരിയ്ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായി….
പാസ്പോർട്ടെടുക്കാൻ മുതൽ പോകാനുള്ള ഡ്രസ്സ് വരെ കൂട്ടുകാരിയുടെ ചിലവിൽ നടത്തിയ സുന്ദരി പോകുന്ന ദിവസം അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു..
“ദൈവമാണ് നീ “എന്ന് അവൾ പറഞ്ഞപ്പോൾ “ഞാൻ നിന്റെ കൂട്ടുകാരിയല്ലേടീ ” എന്ന് പറഞ്ഞ് മറ്റവൾ അവളുടെ വായ്പൊത്തി..
പോയ്ക്കഴിഞ്ഞ് സുന്ദരി ദിവസവും കൂട്ടുകാരിയെ വിളിക്കുമായിരുന്നു..
അവൾ വിദേശത്തു പോയതോടെ കുഞ്ഞുങ്ങളെ അവളുടെ വീട്ടുകാർ സംരക്ഷിയ്ക്കാൻ തുടങ്ങി..
സന്തോഷം..കാശുണ്ടാകുമ്പോൾ ബന്ധുക്കൾക്കാണോ പഞ്ഞം….!!!
ആദ്യത്തെ മാസം അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിയ്ക്കാത്ത തുക ശമ്പളത്തിന്റെ രൂപത്തിൽ കയ്യിൽ കിട്ടിയപ്പോൾ അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിയത്രേ..!!!!
“നിന്റെ വലിയ മനസില്ലായിരുന്നെങ്കിൽ ഞാനെന്നേ മണ്ണടിഞ്ഞു പോയേനെ ” എന്ന് വീണ്ടുമവൾ കൂട്ടുകാരിയോട് പറഞ്ഞു…
എല്ലാം ചിരിച്ചു കളയുന്ന കൂട്ടുകാരി അതും ചിരിച്ചു തള്ളി…
ജോലിയ്ക്ക് കയറി ആറാം മാസമായപ്പോൾ സുന്ദരിയ്ക്കൊരു സംശയം…
“തന്റെ കൂട്ടുകാരിയും ബോസും തമ്മിൽ വല്ല അവിഹിത ഗതാഗതവും നടക്കുന്നുണ്ടോ.. ഇയാളെന്തിനാണ് എപ്പോളും ലവളെക്കുറിച്ച് പറയുന്നത്..??
സുന്ദരി, കൂട്ടുകാരിയുടെ അമ്മാവന്റെ മോനേ വിളിച്ച് ഇതേ സംശയം ചോദിക്കുന്നു…
കേട്ടപ്പോ അവനും സംശയം..
ന്നാ പിന്നെ ലവളോട് തന്നെ നേരിട്ട് ചോദിച്ചു സംശയ ദൂരീകരണം നടത്താൻ തീരുമാനിച്ച അമ്മാവന്റെ മോനെന്ന പഴകിയവൻ മുറപ്പെണ്ണിനോട് ചെന്ന് ചോദിച്ചു..
സുന്ദരി അങ്ങനെ പറഞ്ഞെന്ന് കൂട്ടുകാരി വിശ്വസിയ്ക്കുന്നില്ല കേട്ടോ..
അവൾ മുറച്ചെറുക്കനെ ചീത്ത പറഞ്ഞോടിച്ചു…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelപിറ്റേന്ന് രാവിലെ അവളെ കാത്ത് വാട്സ്ആപ്പിൽ വിദേശി സുഹൃത്തിന്റെ ഒരു വോയിസ് മെസേജുണ്ടായിരുന്നു….
ബഹളക്കാരിയായ കൂട്ടുകാരി വെറും കച്ചറയും കൂതറയും വിശ്വസിയ്ക്കുവാൻ കൊള്ളാത്തവളുമാണെന്ന് ബോസ്സിനോട് വിശദീകരിച്ചു പാട് പെടുന്ന സുന്ദരിയുടെ ശബ്ദം കേട്ട് കൂട്ടുകാരി ഞെട്ടി..
ആ മന്ദബുദ്ധിയുടെ കണ്ണ് നിറഞ്ഞു.. ചങ്ക് പിടഞ്ഞു…
“അവളെ നാട്ടിലേയ്ക്ക് കയറ്റി വിടട്ടെ ” എന്ന സുഹൃത്തിന്റെ ചോദ്യത്തിന് “അങ്ങനെ ചെയ്യരുത് ” എന്നൊരു മറുപടിയിട്ട് അവൾ ഫോൺ ഓഫാക്കി..
സുന്ദരി ഇപ്പോ കൂട്ടുകാരിയെ വിളിക്കാറില്ല..
കാര്യങ്ങളുടെ കിടപ്പ് വശം ബോധ്യപ്പെട്ട മുറച്ചെറുക്കൻ വാങ്ങിയ കാശ് തിരിച്ചു കൊടുക്കാൻ സുന്ദരിയോട് ആവശ്യപ്പെട്ടപ്പോ അവൾ പറഞ്ഞത്രേ..
“അവളുടെ പിച്ചക്കാശ് നാട്ടിൽ ചെല്ലുമ്പോ ഞാൻ തിരിച്ചു കൊടുക്കാം.. അവളോട് വെപ്രാളം കേറി ചാവണ്ടെന്ന് പറ.. അവളുടെ മനസിന്റെ കുശുമ്പ് കൊണ്ടാ ഇങ്ങനെ നന്നാവാതെ കിടക്കുന്നെ.. നാശം…
സുന്ദരി പറയുന്നത് കേട്ടപ്പോ കൂട്ടുകാരിയുടെ മുറച്ചെറുക്കൻ ഞെട്ടിപ്പോയെന്ന്…
കൊടുത്ത കാശ് തിരിച്ചു വാങ്ങിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും അവളോട് പറയുന്നത്രെ…
ഈയൊരു കഥ വായിച്ചിട്ട് നിങ്ങൾക്ക് പറയാനുള്ള അഭിപ്രായം പറയണം…
ആരായിരുന്നു ശരി…..???